2010, മേയ് 13, വ്യാഴാഴ്‌ച

പുതുപ്പറമ്പ് എന്ന ഗ്രാമം

സുന്ദരമായ ഒരു ഗ്രാമമാണ് പുതുപ്പറമ്പ്. വിശാലമായ പാടശേഖരങ്ങള്‍........ വശ്യമനോഹരിയായ പുഴ.......തെങ്ങും കവുങ്ങും പ്ലാവും മാവും മറ്റെല്ലാ വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന തോപ്പുകള്‍......

വിവിധ ജാതി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇവിടെ ഒരുമയോടെ കഴിയുന്നു.അദ്ധ്വാനശീലരായ ജനങ്ങളാണ് ഈ ഗ്രാമത്തിന്റെ സമ്പത്ത്.
പുതുപ്പറമ്പിലെ ആദിമനിവാസികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമായിട്ടില്ല. എന്നാലും പ്രദേശത്തിന്റെ ആദിമ ഉടമകള്‍ വെങ്ങാട്ടില്‍, പരപ്പില്‍, തട്ടാഞ്ചരി തുടങ്ങിയ കുടുംബങ്ങളായിരുന്നു. ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. ഗതാഗതമാര്‍ഗ്ഗം പ്രധാനമായും പുഴയായിരുന്നു. അതുകൊണ്ടുതന്നെ പുഴയുടെ തീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലങ്ങളില്‍ ജനവാസം കൂടുതലും.
ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റേയും കെടുതികള്‍ ഏറെ അനുഭവിച്ചവരായിരുന്നു ജനങ്ങള്‍. കൊടിയ ദാരിദ്ര്യത്തിനു പുറമേ ഒരു പേമാരിപോലെ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധികളും ഒട്ടനവധിപേരുടെ ജീവനൊടുക്കിയിരുന്നു. ഒരു കുടുംബത്തിലെതന്നെ അഞ്ചും ആറും ആളുകള്‍പോലും പകര്‍ച്ചവ്യാധിയുടെവിളയാട്ടം കാരണം മരണപ്പെട്ടിരുന്നു.
പൂക്കിപ്പറമ്പ്, വെന്നിയൂര്, കോഴിച്ചെന, പാലച്ചിറമാട്, പുതുപ്പറമ്പ്, അരീക്കല്‍, പറപ്പൂരിന്റെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ പൊതുവായി വാളക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിലും ഇപ്പൊഴും ധാരാളം വാള മത്സ്യം കിട്ടിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാവാം"വാളക്കുളം" എന്ന പേര് ലഭിച്ചത്. വാളക്കുളം പ്രദേശത്തിന്റെ പോസ്റ്റ് ഓഫീസ് കോഴിച്ചെന ആയിരുന്നു. മത സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പല പ്രമുഖരും ജീവിച്ചിരുന്ന ഈ പ്രദേശത്തിന് ഒരു പ്രത്യേക പോസ്റ്റ് ഓഫീസ് ആവശ്യമായി വന്നു. വാളക്കുളം എന്ന പേരില്‍ പോസ്റ്റ് ഓഫീസ് ആദ്യം അനുവദിച്ചതിനാല്‍, പുതിയ പോസ്റ്റ് ഓഫീസിന് പുതുപ്പറമ്പ് എന്ന പേരില്‍ അപേക്ഷിക്കേണ്ടിവന്നു.അങ്ങിനെയാണ് ഒരു രേഖയില്‍ പുതുപ്പറമ്പ് എന്ന പേര് ആദ്യമായി വന്നത്.

1 അഭിപ്രായം: